ലേഖനങ്ങള്‍ സമര്‍പ്പിയ്ക്കാം

കേരളത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള കംപ്യൂട്ടര്‍ മാഗസിനാണ് ഇന്‍ഫോകൈരളി. നിലവില്‍ ഒരുലക്ഷത്തിലധികം വായനക്കാരുമായി ഇന്‍ഫോകൈരളി മുന്നിട്ടുനില്‍ക്കുന്നു. കംപ്യൂട്ടര്‍, മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഈ മേഖലകളെക്കുറിച്ചുള്ള സാങ്കേതിക വിജ്ഞാനം പ്രദാനം ചെയ്യുക എന്നതാണ് ഈ മാഗസിന്റെ പരമപ്രധാനമായ ലക്ഷ്യം. അതിനാല്‍ മൊബൈല്‍, കംപ്യൂട്ടര്‍ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങളുടെ വിവരണമാണ് ഇന്‍ഫോകൈരളിയുടെ കാതല്‍. സാങ്കേതിക മേഖലയിലെ പ്രഗത്ഭര്‍ തയ്യാറാക്കുന്ന സമകാലിക പ്രസക്തിയുള്ള ലേഖനങ്ങളും കുറിപ്പുകളും കൂടാതെ മൊബൈല്‍, കംപ്യൂട്ടര്‍ സാങ്കേതികവിദ്യകളില്‍ ഉള്ള അറിവും, അനുഭവ സമ്പത്തും പങ്കുവയ്ക്കാനാഗ്രഹിക്കുന്ന സ്ഥിര വായനക്കാരുടെ ലേഖനങ്ങളും ഇന്‍ഫോകൈരളിയില്‍ ഉള്‍പ്പെടുത്തുന്നു.

നിത്യജീവിതത്തില്‍ പ്രായോഗികമാക്കാവുന്ന അറിവുകള്‍ ആവശ്യപ്പെടുന്ന വായനക്കാരുടെ വന്‍നിരയെ മുന്‍നിര്‍ത്തി ഏതൊരാള്‍ക്കും എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം ലേഖനങ്ങള്‍ തയ്യാറാക്കേണ്ടത്. പ്രായഗികത, യാഥാര്‍ത്ഥ്യത, ലാളിത്യം എന്നിവ മുഖ്യ മാനദണ്ഡങ്ങളാക്കി എല്ലാ തുറകളിലുള്ള വായനക്കാര്‍ക്കും പരിഗണന നല്‍കികൊണ്ട് ആശയങ്ങള്‍ ലളിതമായ ഭാഷയില്‍ വ്യക്തമായി വിവരിച്ചിരിക്കണം. ലേഖനത്തിനായി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് പ്രായോഗികതയും, പുതുമയും ഉണ്ടായിരിക്കണം.

നിയമങ്ങള്‍:
താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടായിരിക്കണം ലേഖനങ്ങള്‍ സമര്‍പ്പിക്കേണ്ടത്,
  • ലേഖനങ്ങള്‍ സ്വയം തയ്യാറാക്കിയവയും പകര്‍പ്പവകാശം ലംഘിക്കാത്തവയുമായിരിയ്ക്കണം.
  • പ്രിന്റ് രൂപത്തിലോ, ഡിജിറ്റല്‍ രൂപത്തിലോ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതോ, പ്രസിദ്ധികരണത്തിന് അയച്ചിരിക്കുന്നതോ ആയ ലേഖനങ്ങള്‍ സ്വീകാര്യമല്ല.
  • ഇന്‍ഫോകൈരളി മുമ്പ് തിരസ്‌ക്കരിച്ച ലേഖനങ്ങള്‍ വീണ്ടും സ്വീകരിയ്ക്കുന്നതല്ല.
  • ലേഖകന്റെ പ്രസിദ്ധീകരിക്കപ്പെട്ട മുന്‍കാല ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയവ തയ്യാറാക്കുന്നതെങ്കില്‍ ബന്ധപ്പെട്ട ലേഖനങ്ങളുടെ പകര്‍പ്പുകള്‍ തെളിവായി നല്‍കേണ്ടതും പുനരവതരണത്തിന്റെ പ്രസക്തിയും ആവശ്യകതയും വ്യക്തമാക്കിയിരിക്കേണ്ടതുമാണ്.
  • ലേഖനങ്ങളുടെ തിരഞ്ഞെടുക്കലിനും, അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള അവകാശം ഇന്‍ഫോകൈരളിയില്‍ നിഷിപ്തമായിരിക്കും.
  • ചുരുക്കം ചില പ്രധാന അവകാശങ്ങള്‍ ലേഖകന് നല്‍കുന്നതൊഴികെ ഇന്‍ഫോകൈരളിയുടെ പകര്‍പ്പവകാശത്തിലായിരിക്കും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക.
മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിയ്ക്കാത്ത കൈയ്യെഴുത്തുപ്രതികള്‍ തിരസ്‌ക്കരിക്കപ്പെടുന്നതായിരിക്കും. ഇവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എഡിറ്ററുമായി ബന്ധപ്പെടുക.

നിര്‍ദ്ദേശങ്ങള്‍
  • മൊബൈല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍ക്ക് പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചായിരിക്കണം ലേഖനങ്ങള്‍.
  • 1600-2000 വാക്കുകളില്‍ കവിയാന്‍ പടില്ല.
  • മലയാളം ട്രൂ റ്റൈപ്പ് ഫോണ്ടുകളായ കാര്‍ത്തിക, ഇന്ദുലേഖ, രേവതി, ശ്രീ മലയാളം 0502, തൂലിക തുടങ്ങിയ ഏറെ പ്രചാരമുള്ള മലയാള ഫോണ്ടുകളില്‍ തയ്യാറാക്കിയ റിച്ച് ടെക്സ്റ്റ് ഫോര്‍മാറ്റ്, അല്ലെങ്കില്‍ പേജ്മേക്കര്‍ ഫോര്‍മാറ്റിലുള്ള ഫയലുകളായിരിക്കണം അയയ്‌ക്കേണ്ടത്. (പി.ഡി.എഫ്. ഫോര്‍മാറ്റ് ഉപയോഗിക്കരുത്)
  • ആശയങ്ങള്‍ വ്യക്തമാക്കുന്നതിനായി ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ വിവരങ്ങളും തലക്കെട്ടുകളും ഉള്‍പ്പെടുത്തി യഥാസഥാനങ്ങളില്‍ നല്‍കാനുതകുന്ന വിധത്തില്‍ അക്കമിട്ട് പരാമര്‍ശങ്ങള്‍ സഹിതം നല്‍കിയിരിക്കണം. പ്രധാന ആശയങ്ങള്‍ അല്ലെങ്കില്‍ സാങ്കേതിക വശങ്ങള്‍ വിവരിക്കുന്നതിനാവശ്യമായ കോഡുകളുടെ ഉപയോഗവും ഇന്‍ഫോകൈരളി പിന്തുണയ്ക്കുന്നു. ഇവ ടൈപ്പ് ചെയ്‌തോ, ഇമേജ് രൂപത്തിലോ ആകാം. മികവുറ്റ പ്രകടനത്തിനായി ഉയര്‍ന്ന റെസലൂഷനിലും ഗുണനിലവാരത്തിലുള്ള ചിത്രങ്ങള്‍ ഓരോന്നും വ്യത്യസ്ത ഫയലുകളായി നല്‍കിയിരിക്കണം. ഉപയോഗിക്കുന്ന ഇമേജുകളുടെ സ്രോതസ്സും സൂചിപ്പിച്ചിരിക്കണം.
  • ഓരോ ലേഖനവും അതിനാവശ്യമായ ഇമേജുകള്‍ ഉള്‍പ്പെടുത്തി മാത്രമേ ഇ-മെയില്‍ ചെയ്യാവൂ.
  • ലേഖകന്റെ വൈദഗ്ദ്ധ്യം സൂചിപ്പിക്കുന്നതിനായി പ്രവര്‍ത്തന മേഖല, സ്ഥാപനം, പരിചയ സമ്പന്നത എന്നിവ ഉള്‍പ്പെട്ട ചെറുകുറിപ്പ് ഉള്‍പ്പെടുത്താം. ഇ-മെയില്‍ അഡ്രസ്സ് നല്‍കാന്‍ ലേഖകര്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍ ഇതും ഉള്‍പ്പെടുത്തുന്നതാണ്.
  • ലേഖകന്റെ പാസ്‌പോര്‍ട്ട് സൈസിലുള്ള കളര്‍ ഫോട്ടോയും നല്‍കാവുന്നതാണ്.
ലേഖനങ്ങള്‍ സമര്‍പ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എഡിറ്റര്‍, ഇന്‍ഫോകൈരളി, കുറുപ്പന്തറ, കോട്ടയം-686 603, ഇ-മെയില്‍: എഡിറ്റര്‍@ഇന്‍ഫോകൈരളി.കോം എന്നവിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.

സ്വീകരിയ്ക്കപ്പെടുന്ന ലേഖനങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ ഞങ്ങളുടെ സ്റ്റാഫ് എഡിറ്റര്‍മാര്‍ നിങ്ങളുമായി ചേര്‍ന്ന് ഇന്‍ഫോകരളിയുടെ സ്റ്റൈലിലേയ്ക്കും വലിപ്പത്തിലേയ്ക്കും മാറ്റുവാന്‍ പ്രവര്‍ത്തിയ്ക്കുന്നതായിരിയ്ക്കും.